Tuesday 10 April 2012

ഗണപതിക്കൊരു ഏത്തം. തലച്ചോര്‍ തികച്ചും ഫ്രീ!!!...

സനാതനധര്‍മ വിദ്വേഷികള്‍ക്ക്   എതിരെ എടുത്ത വാള്‍ ഉറയിലിടാന്‍ നേരമില്ലാതെ വലയുന്ന നേരത്ത് അതാ മുന്‍പില്‍ ഒരു നല്ല വീഡിയോ ക്ലിപ്പ്. സമയം പാഴാക്കാതെ പേനയെടുത്തു.
കാരണവന്മാര്‍ ഗണപതിക്ക്‌ ഇഷ്ടമുള്ള കറുക മാലയെപ്പറ്റിയും അയ്യപ്പന്‍റെ എള്ളുതിരിയെപ്പറ്റിയും എല്ലാം പറഞ്ഞതിന്റെ കൂട്ടത്തില്‍ ഗണപതി ഭഗവാന്റെ മുന്നില് ചെയ്യേണ്ടുന്ന  എത്തവും കാണിച്ചു തന്നിരുന്നു. പൈതൃകത്തില്‍ വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടും മതേതരന്‍ കളിച്ചു ഗപ്പ് വാങ്ങാന്‍  താല്പര്യമില്ലാതിരുന്നതുകൊണ്ടും ഇതെല്ലാം വിശ്വാസത്തിന്റെ ബലത്തില്‍ (മാത്രം) ചെയ്തു പഠിച്ചു. മുതിര്‍ന്നപ്പോള്‍ ഇങ്ങനെ ഉള്ള ഒരുപാട് സനാതന പ്രതീകങ്ങള്‍ ഭൌതികാര്‍ത്ഥത്തിലും തത്ത്വാര്‍ത്ഥത്തിലും   മനസ്സില്‍ ആക്കാനും അവസരം ലഭിച്ചിരുന്നു. വിദ്വേഷികളുടെ വായടിപ്പിക്കാനും അല്പവിശ്വാസിയുടെ നട്ടെല്ലിനു ബലം കൂട്ടാനും സായിപ്പായി കൊണ്ടു തന്ന ഒരു തെളിവ്, ഇതാ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍ക്കായി, അല്ലാത്തവരുടെ എന്റേത് പോലുള്ള ലക്ഷ്യങ്ങള്‍ക്ക് ഉപയുക്ത്തം ആക്കാനായി സമര്പിക്കുന്നു!!
ഗണപതി ഭഗവാന്റെ മുന്നില്‍ നിഷ്ഠയോടെ നിന്നു തെറ്റുകള്‍ ഏറ്റു പറഞ്ഞു, വൈകിയതില്‍ ക്ഷമ യാചിച്ചു നമ്മള്‍ ചെയ്തിരുന്ന അതെ ഏത്തം, വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ പേരുമാറി സൂപ്പര്‍ ബ്രെയിന്‍ യോഗ ആയി മാറിയ വിവരം അല്പം വൈകി ആണ് നിങ്ങളോട് പറയുന്നത്.. ക്ഷമിക്കുക.....കൈകള്‍ പിണച്ചു ചെവികളില്‍ പിടിച്ചു കൊണ്ടുള്ള ആ അഭ്യാസം തലച്ചോറിന്റെ ഇരുവശങ്ങളെയും ഒരു പോലെ ഉദ്ധീപിപ്പിച്ചു ശരിയായ വളര്‍ച്ചയും മാരകം ആയ പല രോഗങ്ങളില്‍ നിന്നുള്ള പരിഹാരവും തരുന്നു എന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വിദേശികള്‍ കണ്ടെത്തിയിരിക്കുന്നു. നമ്മളോ, സ്വന്തം ധര്മത്തെ മറ്റുള്ളവന് ദഹിച്ചില്ലെങ്കിലോ  എന്നോര്‍ത്തു മൌനം ഭജിച്ചു സമയവും അവസരവും പാഴാക്കുന്നു.
സായിപ്പിന്റെ ഒരു ഗുണം ധൈര്യം ആണ്. മഞ്ഞും മലയും മറ്റും താണ്ടാന്‍ അവന്‍ കാണിക്കുന്ന ധൈര്യം കണ്ടിട്ടെങ്കിലും സനാതന വിദ്വേഷക്കവാത്തു  മറക്കാന്‍ സാധിക്കുന്നുണ്ട് എങ്കില്‍ ഇനിയും അമാന്തിക്കരുതെ. സത്തയായ  സത്യത്തിന്റെ മഹാഭണ്ടാഗാരത്തില്‍ നിന്നും ഒരു ഏത്തം എടുത്തപ്പോള്‍ തന്നെ സായിപ്പിനതൊരു സിദ്ധിയായി ഭവിച്ചു. ഇത്തരം അറിവുകള്‍ ഒരു മതത്തിന്റെതല്ല എന്ന് അറിയാനും അറിയിക്കാനും ഇത്തരം ഒരു ധൈര്യം ഭാരതീയര്‍ കാണിച്ചേ മതിയാകൂ. സനാതനധര്‍മം എന്നത് ഒരു ജീവിതരീതി ആണ്. അതിനെ ഒരു മതം ആയി പരിമിതപ്പെടുത്താതെ അതിലെ അറിവുകളെ പറ്റി അഭിമാനം കൊള്ളാനും, കൂടുതല്‍ പഠിക്കാനും, പഠിപ്പിക്കാനും എല്ലാം വിഘ്നെശ്വരന്‍  ശ്രീമഹാഗണപതി എല്ലാ നല്ല ഭാരതീയരിലും ആര്‍ജ്ജവവും ഔല്സുക്യവും നിറയ്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. വിദ്യ കൊണ്ടു വിവേകാനന്ദന്‍ ആവില്ല. അതിനു വിവേകം (തിരിച്ചറിവ്) വേണം. സ്ഥൂലം ആയ ആധുനിക വിദ്യയെക്കാള്‍  വിശ്വാസത്തിലും ആത്മപ്രഭയിലും  അധിഷ്ടിതമായ  ഭാരതീയ ജ്ഞാനവിജ്ഞാനങ്ങള്‍ നല്‍കുന്ന  ഗുരുതത്വ ബലം നമ്മിലേക്ക്‌ പെയ്തിറങ്ങട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഓം സദ്ഗുരുഭ്യോ നമ:
ജയ്  ശ്രീഗണേശാ...
ജയ് ഭവാനി
ഹര ഹര മഹാദേവ

No comments:

Post a Comment